---
title: "'ഉത്തരം ചോദിക്കുമ്പോള്‍ കൊഞ്ഞനംകുത്തിയാല്‍ മതിയോ..? ഒന്നും സുകുമാരൻ നായരുടെ ഔദാര്യമല്ല'; ജി സുകുമാരന്‍ നായരെ വെല്ലുവിളിച്ചും ആരോപണം ഉന്നയിച്ചും കെ ബി ഗണേഷ്‌കുമാര്‍"
english_title: " KB Ganesh Kumar Alleges NSS General Secretary G Sukumaran Nair Gave Jobs To 43 Family Members"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378306/ kb-ganesh-kumar-g-sukumaran-nair-nss-allegations-jobs"
published_at: "2026-08-13T13:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d7ff70969d_kb-ganesh-kumar-g-sukumaran-nair-nss-allegations-jobs.jpg"
keywords: ["KB Ganesh Kumar", "G Sukumaran Nair", "NSS", "NSS Job Allegation"]
---

# 'ഉത്തരം ചോദിക്കുമ്പോള്‍ കൊഞ്ഞനംകുത്തിയാല്‍ മതിയോ..? ഒന്നും സുകുമാരൻ നായരുടെ ഔദാര്യമല്ല'; ജി സുകുമാരന്‍ നായരെ വെല്ലുവിളിച്ചും ആരോപണം ഉന്നയിച്ചും കെ ബി ഗണേഷ്‌കുമാര്‍

> **Lead Summary:** തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ വെല്ലുവിളിച്ചും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചും മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്. പദവി ഉപയോഗിച്ച് കുടുംബത്തിലെ 43 പേർക്ക് ജി സുകുമാരൻനായർ ജോലി നൽകി എന്നാണ് ഗണേഷ് കുമാറിന്റെ പ്രധാന ആരോപണം.

## Article Content

തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ വെല്ലുവിളിച്ചും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചും മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്. പദവി ഉപയോഗിച്ച് കുടുംബത്തിലെ 43 പേർക്ക് ജി സുകുമാരൻനായർ ജോലി നൽകി എന്നാണ് ഗണേഷ് കുമാറിന്റെ പ്രധാന ആരോപണം.

തനിക്കെതിരായി ആരോപണം തുടർന്നാൽ തെളിവു സഹിതം ഇക്കാര്യങ്ങൾ പുറത്തുവിടും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സുകുമാരൻ നായർക്കെതിരെ കേസ് കൊടുക്കില്ല എന്ന് ഗണേഷ് കുമാർ വ്യക്തമാക്കി.

'താന്‍ കേസ് കൊടുക്ക് എന്നൊരു ചൊല്ലുണ്ട്. സുകുമാരന്‍ നായര്‍ക്കെതിരെ കേസ് കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. പറയാനുള്ളത് ജനകീയ കോടതിയില്‍ പറയും. ജനങ്ങള്‍ അത് ശരിയാണോ എന്ന് തീരുമാനിക്കും' എന്ന് അദ്ദേഹം പറഞ്ഞു.

'കേസ് കൊടുത്താല്‍ എൻഎസ്എസിന്റെ പണമാണ് നഷ്ടപ്പെടുന്നത്. കാണിക്കുന്ന മര്യാദകേടുകള്‍ ജനമധ്യത്തില്‍ പറയും' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'കൊടുത്ത കേസുകൾ ധൈര്യമുണ്ടെങ്കിൽ നേരിടണം. അല്ലാതെ 89 തവണ അവധിക്ക് വയ്ക്കുകയല്ല വേണ്ടത്' എന്നും ഗണേഷ് കുമാർ വിമർശിച്ചു.

കൊച്ചുമോന് രണ്ടുമാസം മുമ്പ് ലാബ് അസിസ്റ്റന്റ് ജോലി നൽകി എന്നും അദ്ദേഹം ആരോപിച്ചു. 'തമിഴ്‌നാട്ടിലെ ശ്രീ അയ്യപ്പ കോളേജ് എവിടെ. ആ കോളേജിന്റെ മാനേജര്‍ ആരാണ്. ഇപ്പോഴത്തെ സ്ഥിതി എന്താണ്.

ഉത്തരം ചോദിക്കുമ്പോള്‍ കൊഞ്ഞനംകുത്തിയാല്‍ മതിയോ' എന്ന് അദ്ദേഹം ചോദിച്ചു. ഒരു രാത്രി മര്യാദ കേടു കാണിച്ച് പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടു എന്നും 'എന്ത് മാനദണ്ഡത്തിൽ. ചതിയാണ്' എന്നും അദ്ദേഹം പറഞ്ഞു.

'എനിക്ക് മന്നത്തിന്റെ സമാധി തുറന്നു കിട്ടണം എന്ന് മാത്രമേയുള്ളൂ' എന്ന് ഗണേഷ് കുമാർ പറഞ്ഞു. 'സുകുമാരൻനായരെ ഇറക്കി വിടാനാകും. ചങ്ങനാശ്ശേരിയിലെ കരയോഗക്കാർ വിചാരിച്ചാൽ എൻഎസ്എസിനെ രക്ഷിക്കാം.

ചങ്ങനാശ്ശേരി കരയോഗത്തിലെ പത്തോ ഇരുപതോ പേർ വിചാരിച്ചാൽ ഇറക്കിവിടാന്‍ ആകും' എന്നും അദ്ദേഹം പറഞ്ഞു.' 23,000 രൂപ ശമ്പളം വാങ്ങുന്നവന്‍ മകളെ ലണ്ടനില്‍ എങ്ങനെ പഠിപ്പിച്ചു അന്വേഷിക്കണം' എന്നും അദ്ദേഹം ചോദിച്ചു.

'ഒന്നും സുകുമാരൻ നായരുടെ ഔദാര്യമല്ല. മന്നത്ത് പത്മനാഭൻ കരുതിവെച്ച അവകാശമാണ്. എൻഎസ്എസിന് ഒരു ആചാര്യനെ ഉള്ളൂ. സ്വയം സുകുമാരൻ നായർ ആചാര്യൻ ആകും എന്നത് കയ്യിൽ വച്ചാൽ മതി' എന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

എൻഎസ്എസിനൊപ്പം നിൽക്കണമെന്ന അച്ഛന്റെ വാക്ക് പാലിച്ച് താൻ സുകുമാരൻ നായർക്കൊപ്പം നിന്നു എന്നും ഗണേഷ് കുമാർ ഓർമ്മിപ്പിച്ചു.

**English Summary:**

> Former Minister KB Ganesh Kumar made serious allegations against NSS General Secretary G Sukumaran Nair. He alleged that 43 family members were given jobs using the position, including a grandson as lab assistant two months ago. Ganesh Kumar said he will not file a case but will present evidence in the "people's court". He also raised questions about Pathanapuram NSS union dissolution and Sri Ayyappa College in Tamil Nadu. He demanded that Mannam's samadhi be opened and said only the Changanassery Karayogam can remove the current leadership.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378306/ kb-ganesh-kumar-g-sukumaran-nair-nss-allegations-jobs)